പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീര്‍ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
വധശ്രമത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലപാതകത്തിന് തലേ ദിവസവും അതേദിവസവും പാലക്കാട് ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കേസിൽ സെപ്തംബർ 19ന് പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അറസ്റ്റിലായിരുന്നു. കൊലപാത പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, അടക്കം കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.