ചെന്നൈ: കോയമ്പത്തൂർ കാർബോംബ് സ്ഫോടന കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. കേസിൽ രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കത്തുനല്‍കി. മുതിര്‍ന്ന എൻഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
എന്‍ഐഎ സംഘം ഇതിനോടകം കോയമ്പത്തൂർ എത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.
ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിനു സമീപം ഞായറാഴ്ചയാണ് കാർബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കേസിൽ ഐ എസ് ബന്ധമുള്ള അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി കാറിൽ സഞ്ചരിച്ച ഉക്കടം സ്വദേശി ജമീഷ മു ബീൻ ആണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ 2019 ൽ ജമീഷ മുബീനെ എൻഐഎസംഘം ചോദ്യംചെയ്തിരുന്നു.
സ്ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബാലപ്പെടുത്തുന്നതിൽ ഒന്ന്. എന്റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കണം എന്നായിരുന്നു ഉള്ളടക്കം.ഇതിനു പുറമെ ജമീഷ മുബീന്റെമൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.ജമീഷിന്റെ വീട്ടിൽ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്
അറസ്റ്റിലായ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടർന്നാണ് ദുബായിൽ നിന്ന് മൂന്നു വർഷം മുമ്പ് തിരിച്ചറിയച്ചത് എന്നും പോലീസ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നു.പോലീസ് ശേഖരിച്ച വിവരങ്ങളിൽ തീവ്രവാദ ബന്ധം ബലപ്പെട്ടതോടെ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് കേസ് കൈമാറാൻ ശുപാർശ നൽകിയത്..എന്‍ ഐ എ ഡിഐജി, കെ. ബി. വന്ദന, എസ് പി ശ്രീജിത്ത് എന്നിവർ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ചു പ്രതികളെയും സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കും മുമ്പ് ചോദ്യം ചെയ്തിരുന്നു.