സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനവുമായി സർക്കാർ. നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കൂടിയാണിത്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.
നേരത്തെ ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി മേനോൻ കമ്മീഷനും നിർദ്ദേശിച്ചിരുന്നു.യുജിസി മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഗവർണർക്കുള്ള ചാൻസലർ പദവി നിയമസഭ നൽകിയ അധികാരമാണ് . ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതിൽ ഭരണഘടനാ പ്രശ്നങ്ങളില്ലെന്നാണ് സർക്കാർ പറയുന്നത്.