പാലക്കാട്: വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പാലക്കാട് സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശിക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 5 വർഷമായി ഇയാൾ തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചായിരുന്നു സുബ്രഹ്മണ്യം തട്ടിപ്പ് നടത്തിയത്.
പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പരാതിയുമായി എത്തിയതോടെ ബാലസുബ്രഹ്മണ്യൻ ഒളിവില്‍ പോയി. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്റെയും പൊലീസിന്റെയും യൂണിഫോമുകൾ കണ്ടെത്തി. വീട്ടിൽ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പൊലീസ് കണ്ടെത്തിയിരുന്നു.