കണ്ണൂര്‍: പ്രിയ വർഗീസിന്റെ നിയമന നടപടി തടഞ്ഞു കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി അറിയിച്ചു. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തി ആര് പേരിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക് ആണ് കിട്ടിയത്.
രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോര്‍ 645. ഇന്റര്‍വ്യൂവില്‍ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്.
പ്രിയ വർഗ്ഗീസിന് യുജിസി നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്. പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു.