കൊച്ചി: ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്കു മുന്നിൽ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിൽ ജ്യാമ്യാപേക്ഷ നൽകുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഉത്തരവിട്ടു. ഈ വർഷം ഏപ്രിൽ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം നൽകിക്കൊണ്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു.