ബംഗ്ലാദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ ഏഴു മരണം. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കോക്സ് ബസാർ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 576 ക്യാംപുകളിലേക്കായി ഏകദേശം 28,000 ആളുകളെയാണ് ഇതുവരെ മാറ്റിയത്.
അടിയന്തര സാഹചര്യം നേരിടാൻ 104 മെഡിക്കൽ സംഘങ്ങൾ സജ്ജമാണെന്നു കോക്സ് ബസാർ ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. 323 ടൺ അരി, 1198 പായ്ക്കറ്റ് ഡ്രൈ ഫുഡ്, 350 കാർട്ടൺ ഡ്രൈ കേക്കുകൾ, 400 കാർട്ടൺ ബിസ്ക്കറ്റുകൾ എന്നിവ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.