തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെപ്പടി വിദ്യ കാണിച്ചാൽ അത് നിയന്ത്രിക്കാൻ ചില പിപ്പിടി വിദ്യ വേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു. സർവകലാശാകളിലെ വി.സി. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങളോട് എല്ലാകാലത്തും നല്ല ബന്ധമാണ് താൻ പുലർത്തിയിരുന്നത്. മോശമായി പെരുമാറിയതല്ല. രാവിലത്തെ സമീപനം ശരിയായില്ലെന്ന് കരുതരുത്. മാധ്യമപ്രവർത്തകരുടെ വേഷത്തിലുള്ള കേഡറുകളോടാണ് തനിക്ക് പ്രശ്നം. കടക്ക് പുറത്ത് എന്നും മാധ്യമ സിൻഡിക്കേറ്റ് എന്നും സർക്കാർ പറഞ്ഞത് പോലെ താൻ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പത് വി.സിമാര്‍ക്കും തത്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി. കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഉത്തരവിലുള്ളത്.
വിധി വി.സിമാര്‍ക്ക് താത്കാലികാശ്വാസം നല്‍കുന്നതാണ്. പത്ത് ദിവസത്തിനകം വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമാണെങ്കിൽ വി.സിമാരെ തുടരാൻ അനുവദിക്കാം. അല്ലെങ്കിൽ തുടർനടപടികളുമായി ഗവർണർക്ക് മുന്നോട്ട് പോവാമെന്നും കോടതി നിർദേശിച്ചു.
ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. ഇന്ന് 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളിയിരുന്നു. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചത്.