പാലക്കാട്: കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല് ഏശില്ല. ചട്ടവും കീഴ്വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.
“മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാൻ പോകുന്നില്ല. എന്നാൽ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല.
ഇത്തരത്തിലുള്ള പല കാര്യങ്ങളുമുണ്ടാകും. നമുക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. നാട് കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കണം. അതാണ് നമുക്കിന്നാവശ്യം. അല്ലാതെ അനാവശ്യ കാര്യങ്ങള്‍ക്ക് പുറകേ പോകാനല്ല. ഇവിടെ നിയമവ്യവസ്ഥയും ജനാധിപത്യ രീതികളുമുണ്ട്. കീഴ്വഴക്കങ്ങളും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതെല്ലാം അനുസരിച്ചുമാത്രമേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ. അതെല്ലാം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാകൂ.
നാടിന്റെ വികസനത്തിന് തടയിടാന്‍ ആരുവന്നാലും എന്റെ ഗവണ്മെന്റ് എന്ന് എല്‍ഡിഎഫ് ഗവര്ണ്മെന്റിനെ വിളിക്കുന്ന ഗവര്‍ണര്‍ ആയാല്‍പ്പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടാനാണ് നമ്മള് ശ്രമിക്കേണ്ടത്.” മുഖ്യമന്ത്രി പറഞ്ഞു.
കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.
ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. അവധി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെയാണ് വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്.