കൊച്ചി: യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. സിനിമയിൽ അഭിനയിക്കാൻ താൽപര്യവുമായി എത്തിയ വെങ്ങാനൂർ സ്വദേശിയെ ആണ് ഭീക്ഷണിപ്പെടുത്തി അഭിനയിപ്പിച്ചിരിക്കുന്നത്. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയുമാണ് പരാതി.ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയിലെത്തിയത്.
ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും, അണിയറപ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.എന്നാൽ ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്നു യുവാവ് പറയുന്നു.
സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെ വഞ്ചനാ കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.