പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വച്ചാകും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് നാളെ ഗവർണർ രാജി വെക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നതിനാൽ ഏറെ ആകാംക്ഷയോടെയാണ് നാളത്തെ പത്രസമ്മേളനത്തെ കേരളം ഉറ്റു നോക്കുന്നത്.
ഞായറാഴ്ച രാത്രി എട്ടരയോടെ പാലക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല. സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനിടെ ഗവർണർ 9 സർവകലാശാല വൈസ് ചാൻസലർമാരോട് തിങ്കളാഴ്ച 11.30ന് മുൻപ് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളെ കാണുന്നത്.