ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒഡിഷ എഫ്.സിയോടാണ് ബ്ലാസ്റ്റേഴ്സ് 2-1ന് തോറ്റത്. കലിംഗ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു കൊമ്പന്മാരുടെ തോൽവി.
35ാം മിനിറ്റിൽ ഹർമൻജോത് സിങ് ഖബ്രയുടെ ഹെഡർ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ഇടവേളക്കുശേഷം ജെറി മാവിമിൻഗ്താൻഗയിലൂടെ (54) സമനില പിടിച്ച ഒഡിഷക്കാർ നിശ്ചിത സമയത്തിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ പകരക്കാരൻ പെഡ്രോ മാർട്ടിനിലൂടെ (86) ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അവസാന നിമിഷത്തിൽ കളി കൈവിടുന്ന പതിവ് ബ്ലാസ്റ്റേഴ്സ് തുടർന്നു.
ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് 5-2ന് തോറ്റിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് മൂന്നു പോയന്റുമായി ഒമ്പതാമതാണ്. മൂന്നു കളികളിൽ ആറു പോയന്റുമായി ഒഡിഷ മൂന്നാം സ്ഥാനത്തേക്കു കയറി.
ഐഎസ്എലിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കളിയില്ല. വ്യാഴാഴ്ച ഒഡിഷ ബംഗളൂരുവിനെ നേരിടും. ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച കൊച്ചിയിൽ മുംബൈക്കെതിരെയാണ് അടുത്ത കളി.