തിരുവന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി.
അതേസമയം, ഗവർണറുടെ നിർദേശം അനുസരിച്ച് രാജി വയ്ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദേശം നൽകും. പക്ഷെ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസിൽ നിയമന അധികാരിയായ ഗവർണറും യുജിസി മാനദണ്ഡം നിർബന്ധമാണെന്ന് നിലപാടെടുത്താൽ സർക്കാരിന് രക്ഷയില്ലാതാകും.
അതേസമയം സർക്കാർ നിർദേശ പ്രകാരം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.