നടി ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയാകുന്നു. ആദിത്യയാണ് വരൻ. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കൊച്ചിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെറ്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ, വിനീത് തുടങ്ങിയ താരങ്ങളും അനുഗ്രഹങ്ങളുമായി എത്തി.
വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമായ ഉത്തര 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര സിനിമയിലേക്കും ചുവടുവച്ചിട്ടുണ്ട്. ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയുടെ സിനിമാ അരങ്ങേറ്റം. ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള 2020ലെ സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയുടെ സംവിധായകന് മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.