കൊല്ലത്ത് പാഴ്സൽ വഴി എത്തിച്ച രണ്ടായിരം ലഹരി ഗുളികകൾ എക്സൈസ് പിടികൂടി. മുംബൈയിൽ നിന്നുമാണ് പാഴ്സലായി ഗുളികകൾ എത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കൽ സ്വദേശി അലക്സ് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന ഗുളികകളാണ് കൊറിയർ വഴി പ്രതികൾ കടത്തിയത്.
അനന്തു നേരത്തെ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്. മെഡിക്കൽ സ്റ്റോർ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് ഇയാൾ ഗുളികകൾ കൊല്ലത്ത് എത്തിച്ചത്. മാനസിക രോഗികൾക്ക് നൽകുന്ന ഗുളികകളാണ് പ്രതികൾ കടത്തിയത്. 35 രൂപയ്ക്ക് വാങ്ങുന്ന ഗുളിക 200 രൂപയ്ക്കാണ് കേരളത്തിൽ വിൽപ്പന നടത്തുന്നത്. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. വിൽപ്പനയ്ക്കായി ആഡംബര വീട് വാടകയ്ക്കെടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡ്രഗ്സ് കൺട്രോളർ ബോർഡുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.