തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് ചേർന്ന ഇടത് മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.
സർക്കാർ – ഗവർണർ വാക്ക് തുടരുന്നതിനിടെയാണ് എൽഡിഎഫ് പോര് റോഡിലേക്ക് നീട്ടുന്നത്. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററിൽ ഇന്ന് രാവിലെ 11.30യ്ക്കാണ് യോഗം ആരംഭിച്ചത്.
സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേർന്നത്.