റിയാദ്: സൗദി അറേബ്യാ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജി 20 ഉച്ചകോടിക്കായി യാത്ര തിരിക്കുന്ന സൽമാൻ രാജകുമാരൻ ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ തങ്ങുന്ന സൽമാൻ രാജകുമാരൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഉക്രെയ്ൻ – റഷ്യ യുദ്ധം, നിലവിലെ ഊർജ്ജ സുരക്ഷാ സാഹചര്യം, 2019-ൽ ഇന്ത്യയിൽ പ്രഖ്യാപിച്ച “100 ബില്യൺ ഡോളർ നിക്ഷേപം” എന്ന സൗദി പദ്ധതി പുരോഗതി ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങൾ സൽമാൻ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തും.
കൂടാതെ നിരവധി ധാരണാപത്രങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും അവ അവലോകനം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ് ഗ്രൂപ്പിന്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിനെച്ചൊല്ലി യു.എസ്-സൗദി പിരിമുറുക്കം കണക്കിലെടുത്ത് സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഈ വർഷം നവംബർ 15-16 തീയതികളിലാണ് ഇൻഡോനീഷ്യയിലെ ബാലിയിൽ ജി-20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. \