ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം ഡൽഹി കോടതി നവംബർ 10 വരെ നീട്ടി. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ആരോപണ വിധേയയായിരുന്നു. സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വിലിൻ അന്വേഷണം നേരിടുന്നത്. എല്ലാ കക്ഷികൾക്കും കുറ്റപത്രവും മറ്റ് പ്രസക്തമായ രേഖകളും നൽകാൻ ഇ ഡി യോട് കോടതി നിർദ്ദേശിച്ചു. ജാമ്യം ഉൾപ്പെടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് നവംബർ 10ന് പരിഗണിക്കും. നടിയെ കേസിൽ പ്രതിയാക്കി ഓഗസ്റ്റ് 17നാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.സുകേഷ് ചന്ദ്രശേഖർ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നൽകിയത്. താരത്തിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള കാറുകൾ, വിലകൂടിയ ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, വിലകൂടിയ വാച്ചുകൾ എന്നിവ സമ്മാനമായി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത്.