ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറെ മർദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതിന് 10 പേർക്കെതിരെ കേസ്. കേസിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജാർഖണ്ഡിലെ ചൈബാസയിൽ ഒക്ടോബർ 20ന് സുഹൃത്തിനൊപ്പം പുറത്ത് പോയ സമയത്താണ് സംഭവം.
യുവതി തന്റെ സുഹൃത്തുമായി റോഡരികിൽ സംസാരിച്ചിരിക്കുമ്പോൾ പത്തോളം പേർ വന്ന് അവരെ മർദ്ദിക്കുകയായിരുന്നു. അജ്ഞാത സംഘം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ യുവതി സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജിക്പാനി പോലീസ് സ്റ്റേഷനു കീഴിലുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദിലീപ് ഖൽക്കോ, മുഫാസിൽ പോലീസ് സ്റ്റേഷൻ ഇൻചാർജ് പവൻ പഥക് എന്നിവർ പോലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ സമീപ ഗ്രാമത്തിൽ നിന്നുള്ള ചില യുവാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.