മാഞ്ചസ്റ്റർ: ടോട്ടനത്തിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻഹാഗ്. എതിരില്ലാത്ത രണ്ടു ഗോളുകൾ മാഞ്ചസ്റ്റർ വിജയിച്ച മത്സരത്തിൽ താരം പകരമിറങ്ങാൻ വിമുഖത കാട്ടിയ വിവരം വെള്ളിയാഴ്ചയാണ് കോച്ച് സ്ഥിരീകരിച്ചത്.
താനാണ് ടീമിന്റെ പരിശീലകനെന്നും ടീമിനകത്തെ നിലനില്‍ക്കുന്ന സംസ്കാരത്തിന് തനിക്കാണ് ഉത്തരവാദിത്തമെന്നും ടെന്‍ ഹാഗ് വ്യക്തമാക്കി. ടീമിനായി ഞാന്‍ ചില മൂല്യങ്ങളും നിയന്ത്രണങ്ങളും വെച്ചിട്ടുണ്ട്. അത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക എന്നത് എന്റെ ചുമതലയാണ്. ഫുട്ബോള്‍ എന്നത് ടീം ഗെയിമാണ്. അതുകൊണ്ടുതന്നെ അതിന്റേതായ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത് ഉറപ്പുവരുത്തേണ്ടത് പരിശീലകനെന്ന നിലയില്‍ എന്റെ ചുമതലയാണ്. തീര്‍ച്ചയായും ഇപ്പോഴത്തെ നടപടിക്ക് പ്രത്യാഘാതം ഉണ്ടാകും. അത് ഞാന്‍ സീസണ് തുടങ്ങും മുമ്പെ എല്ലാ കളിക്കാരോടു പറഞ്ഞിട്ടുള്ളതാണ്-ടെന്‍ ഹാഗ് പറഞ്ഞു.
ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിനിടെ സമയം പൂർത്തിയാകും മുമ്പേ താരം ഗ്രൗണ്ടിൽനിന്ന് കയറിപ്പോയത് വിവാദമായിരുന്നു. പിന്നാലെ ചെൽസിയുമായുള്ള അടുത്ത കളിയിൽ റോണോയെ ടെൻഹാഗ് ഉൾപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ചെൽസിക്കെതിരെ അവരുടെ ഗ്രൌണ്ടായ സ്റ്റാംഫഡ് ബ്രിജിലാണ് മത്സരം. റയോ വല്ലെകാനോക്കെതിരെയുള്ള മത്സരത്തിനിടയിലും നേരത്തെ കയറിപ്പോയതിന് റൊണാൾഡോയും ചില സഹതാരങ്ങളും കോച്ചിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.