തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര് ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
കടകംപള്ളി സുരേന്ദ്രൻ വീട്ടിൽക്കയറ്റാൻപോലും കൊള്ളാത്തയാളാണ്. മന്ത്രി എന്ന നിലവിട്ടായിരുന്നു കടകംപള്ളി സുരേന്ദ്രൻ തന്നോട് പെരുമാറിയത്. അശ്ലീല സന്ദേശം അയക്കുകയും ഫോണിൽവിളിച്ച് മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിരന്തരം തന്നെ ശല്യം ചെയ്തിരുന്നു. ബലരാമപുരത്ത് ഔദ്യോഗിക ചടങ്ങിനെത്തിയ മന്ത്രി തന്റെ വീട്ടിൽവരികയും ലൈംഗിക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
എറണാകുളത്ത് ഔദ്യോഗിക പരിപാടിക്കായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. മുറിക്കുപുറത്തുവച്ച് മോശമായി പെരുമാറിയപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും സ്വപ്ന പറയുന്നു.
പി. ശ്രീരാമകൃഷ്ണൻ കോളജ് വിദ്യാർഥികളെപ്പോലെയാണ് പെരുമാറിയത്. ഐ ലവ് യു സന്ദേശങ്ങൾ അദ്ദേഹം അയക്കുമായിരുന്നു. ഹോട്ടലിലേക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കും ഒറ്റയ്ക്കു വരാൻ നിർബന്ധിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം എം. ശിവശങ്കറിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയും സ്പീക്കറുമല്ലെ വിട്ടുകളയാനായിരുന്നു തന്നോട് ഉപദേശിച്ചത്. ഇഡിക്കും എൻഐഎയ്ക്കും മുന്നിലും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
മൂന്നാറിന് കൊണ്ടുപോകാം എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രലോഭനം. മൂന്നാർ സുന്ദരമായ സ്ഥലമല്ലെ, അവിടേക്കുപോകാമെന്ന് ഐസക്ക് പറഞ്ഞു. എന്നാൽ അദ്ദേഹം ഫോണിൽ ശല്യം ചെയ്തിട്ടില്ലെന്നും സ്വപ്ന പറയുന്നു.
അതേസമയം, സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണത്തോട് പ്രതികരിക്കാതെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൂടുതൽ പ്രതികരിക്കാതെ അദ്ദേഹം മടങ്ങി.