പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് വീണ്ടും പ്രതികളുടെ തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയേും ഭഗവല്‍ സിങ്ങിനേയും വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക് സര്ജന്മാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തിയ സംഘം വൈകീട്ട് നാല് മണിയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. രണ്ടു സ്ത്രീകളെയും എങ്ങനെ കൊലപ്പെടുത്തിയതെന്നത് സംബന്ധിച്ച പ്രതികളുടെ വിശദമായ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും മൃതശരീരങ്ങളുടെ അവസ്ഥയും തമ്മില്‍ യോജിക്കുന്നുണ്ടെയെന്നാണ് പ്രധാനമായും പരിശോധിച്ചത്.
റോസ്ലിന്റെ കൈകാലുകള്‍ കെട്ടിയിടാന്‍ ഉപയോഗിച്ച കയറിന്റെ അവിഷ്ടങ്ങള്‍ വീടിന് സമീപത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. കയര്‍ കത്തിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
വീട്ടില്‍ ഡമ്മി പരീക്ഷണവും നടത്തി. പത്മയുടെ ശരീര അവശിഷ്ടങ്ങളില്‍ നട്ടെല്ലിന്റെ ചില ഭാഗങ്ങള്‍ ഇല്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ മൂടി ഇളക്കിയും റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്തിരുന്ന സ്ഥലത്തിന് സമീപം പുതുമണ്ണ് ഇളകി കിടന്ന സ്ഥലത്തും പരിശോധന നടത്തി.