തിരുവനന്തപുരം: നിരപരാധിയായ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര ജയിലിൽനിന്നും മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിതിൻ.
പൊലീസ് കുടുംബത്തെ വേട്ടയാടി. പൊലീസ് തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. സർക്കാരിന്റെയും പൊലീസിന്റെയും ഗൂഢാലോചനയാണ് നടന്നതെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരീശപട്ടത്ത് പോയത് ഊബർ ഓടാനാണ്. സ്കൂട്ടറിനെക്കുറിച്ചറിയില്ല. വീട്ടുകാരെ നോവിക്കുമെന്ന് പറഞ്ഞു. ഗൂഢാലചനക്കെതിരെയും സംഭവത്തിൽ തനിക്കുണ്ടായ അപമാനത്തിൽ നഷ്ടപരിഹാരത്തിനും വേണ്ടി നിയമപരമായി മുന്നോട്ട് പോകും. ഇതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കും ഇല്ല. ഞാൻ ആ സമയത്ത് യൂബർ ഓടുകയായിരുന്നു. അതുവച്ചാണ് എന്നെ കുടുക്കിയത്. ഞാൻ ആ പരിസരത്ത് ഒരിടത്തും പോയിട്ടില്ലെന്നും ജിതിൻ പറഞ്ഞു.
ഗൗരീശപട്ടത്ത് വന്ന് ഒരു ട്രിപ്പ് വിട്ട് അടുത്ത ട്രിപ്പ് എടുക്കാൻ കുമാരപുരത്തേക്ക് പോകുകയായിരുന്നു. താൻ അക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നു. യൂബറിന്റെ ആപ്പിൽ അതുണ്ട്. ആ ട്രിപ്പ് എടുത്തിട്ട് ഞാൻ പോയത് പാളയത്തോ സെക്രട്ടറിയേറ്റോ ആണ്. അതിന്റെ വിവരങ്ങളും അതിൽ ഉണ്ട്. സ്കൂട്ടറുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. ഞാൻ കാറിലാണ് വന്നതെന്നും ജിതിൻ പറഞ്ഞു.
കർശന ഉപാധികളോടെയായിരുന്നു ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മൂന്ന് പ്രതികളെ കൂടി പ്രതിചേർത്തിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നാംപ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അനുവദിച്ചില്ല. ജിതിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും ഇനിയും കസ്റ്റഡിയിൽ ഇരിക്കേണ്ട കാര്യമില്ലെന്നുമുള്ള വിലയിരുത്തലിലാണ് ഹൈക്കോടതി ജാമ്യം അനവദിച്ചത്.
ജൂൺ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ചുവന്ന ഡിയോ സ്കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. പിന്നാലെയായിരുന്നു സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്. ജിതിനൊപ്പം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ, സുബീഷ് എന്നിവരെയാണ് പ്രതി ചേർത്തത്.
ടി. നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാൻ സ്കൂട്ടർ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിൻ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.