ബാലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സജ്ജമാക്കിയ കുഞ്ഞാപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിങ് ഒക്ടോബര്‍ 22ന് വൈകുന്നേരം 3.30ന് നടക്കും. കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്റ് ക്രഫ്റ്റ് വില്ലേജില്‍ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഉത്ഘാടനം നിർവഹിക്കുക. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
ഈ മൊബൈല്‍ അപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ജില്ലാതലത്തില്‍ ഒരു റാപിഡ് റെസ്പോന്‍സ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികള്‍ വനിത ശിശു സംരക്ഷണ വകുപ്പ്, പോലീസ്, വിദ്യാഭ്യാസ, തദേശ ഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ചൂഷണം, അപകടകരമായ തൊഴില്‍, കടത്തല്‍ തുടങ്ങിയ നിരവധി അപകട സാധ്യതകളുള്ള സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങള്‍, സേവന സംവിധാനങ്ങള്‍ എന്നിവ പരിചയപ്പെടുത്തേണ്ടത് പരമ പ്രധാനമാണ്.
ഇത്തരം പ്രശ്നങ്ങള്‍ ഉടനടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു സംരക്ഷണം നല്‍കേണ്ടതുമുണ്ട്. ഇതിനായി സ്മാര്‍ട്ട് ഫോണുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വനിത ശിശു വികസന വകുപ്പ് മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്.