കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന മലയാളി സംരംഭകരില്‍ ഒന്നാമത്ക്വെസ് കോര്‍പ് സ്ഥാപകനും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത് ഐസക് . 2021ല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 115 കോടി രൂപയാണ് സംഭാവന ചെയ്തത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ദേശീയ തലത്തില്‍ 12-ാം സ്ഥാനത്താണ് അജിത് ഐസക്.
എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ ഒന്നാമനായുള്ള ഹുറൂണ്‍ ഇന്ത്യയുടെ പരോപകാരികളായ സംരംഭകരുടെ പട്ടികയില്‍ ആദ്യമായാണ് അജിത് ഐസക് ഉള്‍പ്പെടുന്നത്. ദേശീയതലത്തില്‍ 2021 ല്‍ 3219 കോടി രൂപയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ശിവ് നാടാര്‍ മാറ്റിവച്ചത്.ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും കുടുംബവും 90 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്കി മലയാളികളില്‍ രണ്ടാമതെത്തി. ദേശീയ പട്ടികയില്‍ 16-ാം സ്ഥാനത്താണ് അദ്ദേഹം.
മുത്തൂറ്റ് ഫിന് കുടുംബവും ചിറ്റിലപ്പിള്ളി കുടുംബവും പട്ടികയില്‍ മുന്നില്‍ തന്നെയാണ്. ദേശീയ പട്ടികയില്‍ ഇരുവരും 20, 23 സ്ഥാനങ്ങളിലാണ്. ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റും കുടുംബവും എന്നിവര്‍ ചേര്‍ന്നാണ് 60കോടി രൂപ സംഭാവന ചെയ്തിട്ടുള്ളത്. ചിറ്റിലപ്പിള്ളി കുടുംബം 40 കോടി രൂപയാണ് 2021 ല്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്.
2021 ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കുടുംബം 40 കോടി രൂപയാണ് സംഭാവനകള്‍ക്കായി മാറ്റിവച്ചത്. ഇന്‍ഫോസീസ് സഹസ്ഥാപകനായ എസ് ഡി ഷിബുലാലും കുടുംബവും 35 കോടി രൂപയാണ് 2021 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. ഏറ്റവും മുന്നിലുള്ള മലയാളികളില്‍ അഞ്ചാംസ്ഥാനത്താണ് ഷിബുലാലും കുടുംബവും.10 കോടി രൂപയുമായി ജോയ് ആലുക്കാസും കുടുംബവും, ഏഴ് കോടി രൂപയുമായി മണപ്പുറം ഫിനാന്‍സ് മേധാവി വി പി നന്ദകുമാറും കുടുംബവും ആറ് കോടി രൂപയുമായി കെഫ് ഹോള്‍ഡിംഗ്സ് മേധാവികളായ ഷബാന ഫൈസലും ഫൈസല്‍ ഇ കൊട്ടിക്കോളനും ഹുറൂണ്‍ ലിസ്റ്റില്‍ മുന്നിലെത്തിയ മലയാളികളാണ്.