“മീഡിയാ വണ്ണിൻ്റെ” പച്ച നുണ
കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ സ്ഥലത്തില്ലാത്തത് ഏവർക്കും അറിയാമല്ലോ? കൽക്കത്ത, ഡാക്ക, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ച് യാത്രാ വിവരണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
മലയാളം വാരിയിൽ കഴിഞ്ഞ 21 ലക്കത്തിലായി തുടർച്ചയായി ഞാൻ എഴുതിയ “പച്ച കലർന്ന ചുവപ്പ്” (അരനൂറ്റാണ്ടിൻ്റെ കഥ) പ്രസിദ്ധീകരിച്ചു വരികയാണ്. 15 ലക്കത്തിലേക്കുള്ളത് ആദ്യമേ എഴുതിക്കൊടുത്തു. ബാക്കി ഓരോ ലക്കത്തിലേക്കുമുള്ളത് അപ്പപ്പോൾ എഴുതി അയക്കുകയായിരുന്നു. യാത്രാ വിവരണം എഴുതുന്നത് മാറ്റി വെക്കാൻ കഴിയാത്തത് കൊണ്ട് അടുത്ത ലക്കങ്ങളിലേക്ക് എഴുതി നൽകാനുള്ള പ്രയാസം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതാണ് യാഥാർത്ഥ്യം.
ഇതുവരെ എഴുതാത്ത ഭാഗങ്ങങ്ങളിൽ വ്യക്തി-രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങിനെയാണ് കടന്നു കൂടുക? സാമാന്യ ബുദ്ധിക്ക് ചേരുന്നതെങ്കിലുമാകണ്ടേ മീഡിയാ വണ്ണിൻ്റെ കണ്ടെത്തൽ. ഞാനെഴുതി നൽകിയത് പൂർണ്ണമായിത്തന്നെ “മലയാളം” അച്ചടിച്ച് ജനങ്ങളുടെ മുന്നിൽ എത്തിച്ചു. തുടർ ലക്കങ്ങളിലേക്ക് യഥാസമയം എഴുതിത്തീർത്ത് അയക്കാൻ കഴിയാത്തതിൽ മനോവിഷമമുണ്ട്. അക്കാര്യത്തിൽ വാരികക്കുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദിക്കുന്നു.
പ്രസിദ്ധീകൃതമായ ലക്കങ്ങളിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശന വിധേയമാക്കിയ ഭാഗങ്ങൾ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകും. “പ്രബോധനം” വാരിക എന്നെ വിമർശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയോടും അവരുടെ രാഷ്ട്രീയത്തോടും വിയോജിച്ചതിലുള്ള കലിപ്പാവണം “മലയാളം വാരിക” എൻ്റെ ആത്മകഥയുടെ പ്രസിദ്ധീകരണം അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിർത്തി എന്ന രൂപത്തിൽ “മീഡിയാ വൺ” തെറ്റായ വാർത്ത നൽകിയതിൻ്റെ അടിസ്ഥാനം.
ആറ് മാസത്തിനുള്ളിൽ എഴുത്ത് പൂർത്തിയാക്കി പുസ്തകമായി ”പച്ച കലർന്ന ചുവപ്പ്” പുറത്തിറക്കാനാണ് ഉദ്ദേശം. ജമാഅത്തെ ഇസ്ലാമിയുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും (മാധ്യമം, മീഡിയ വൺ) തനിനിറം ഒരിക്കൽകൂടി ബോദ്ധ്യമാവാൻ ഈ കള്ളവാർത്ത സഹായകമായി.
ഈയുള്ളവൻ രചിച്ച “മലബാർ കലാപം ഒരു പുനർവായന” എട്ട് പതിപ്പ് പിന്നിട്ടു. ഡിസി പ്രസിദ്ധീകരിച്ച “മുഖപുസ്തക ചിന്തകൾ”രണ്ടാം എഡിഷൻ പുറത്തിറങ്ങി. ചിന്ത പുറത്തിറക്കിയ ”മതം മതഭ്രാന്ത് മതേതരത്വം” മൂന്നാം എഡിഷനിലേക്ക് കടന്നു . “ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം” രണ്ടാം ലക്കം അച്ചടിച്ച് മാർക്കറ്റിലെത്തി. അടുത്ത പുസ്തകം “യാത്രകൾ കാഴ്ചകൾ” പണിപ്പുരയിലാണ്. അത് കഴിഞ്ഞാകും ”പച്ച കലർന്ന ചുവപ്പ്” പുസ്തകമായി വെളിച്ചം കാണുക.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേയുള്ളൂ. മീഡിയാ വണ്ണിലൂടെ അത് കണ്ടു. ജമാഅത്തെ ഇസ്ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകൾ മെനഞ്ഞാലും അതിന് അൽപ്പായുസ്സേ ഉണ്ടാകൂ.