കൊച്ചി: വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും നടിയുടെ ഹര്‍ജിയില്‍ ആരോപിച്ചു. ഇതിനു തെളിവു ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.