തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു ജാമ്യം നൽകിയതിനെതിരെ അപ്പീല്‍ നല്കുമെന്നു പരാതിക്കാരി. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന എംഎല്‍എയുടെ സ്വഭാവം തുറന്നുകാട്ടും. താന്‍ ക്രിമിനലെങ്കില്‍ എംഎല്‍എ എന്തിനു തന്നോടു കൂട്ടുകൂടിയെന്നും പരാതിക്കാരി ചോദിച്ചു. കോടതിയിലും പൊലീസിനെയും പൂർണ വിശ്വാസമെന്നും പരാതിക്കാരി പറഞ്ഞു.
എം എൽ എയുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം ആരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പരാതിക്കാരി പറഞ്ഞു.
ഇന്ന് എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ പരാതിക്കാരിയുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഈ വീട്ടിൽ വെച്ചും പീഡനത്തിനിരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാലരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നുവെന്ന എംഎൽഎയുടെ വാദം യുവതി തള്ളി. തന്നെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നും അന്ന് വീടിനുള്ളിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.
പെരുമ്പാവൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കളമശേരി എച്ച്.എം.ജി ജങ്ഷന് അടുത്തുള്ള ഫ്ലാറ്റിലും യുവതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. താൻ ക്രിമിനലാണെന്ന് വരുത്തിത്തീർക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവതി ആവർത്തിച്ചു.
ഒക്ടോബര്‍ 22 നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി എല്‍ദോസ് കുന്നപ്പിള്ളിക്കു ജാമ്യം നല്‍കിയത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രോസിക്യൂഷന് അറിയിച്ചു.
പതിനൊന്നു ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ 22നു ഒന്‍പതു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണം, നവംബര്‍ ഒന്നു വരെ അന്വേഷണവുമായി സഹകരിക്കണം, മൊബൈല്‍ഫോണും പാസ്പോര്‍ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിടരുത്, കേരളം വിടരുത് ,പരാതിക്കാരിയേയോ സാക്ഷിയേയോ സ്വാധീനിക്കരുത്, സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കണം,അന്വേഷണവുമായി സഹകരിക്കണം, അഞ്ചു ലക്ഷം രൂപ അല്ലെങ്കില്‍ തത്തുല്യമായ ആള്‍ജാമ്യം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.