ഹിജാബ് ധരിക്കാതെ കായിക മത്സരത്തിൽ പങ്കെടുത്ത ഇറാനിൽ നിന്നുള്ള ക്ലൈംമ്പിംഗ് താരം എൽനാസ് റെഖാബിയെ അറസ്റ്റ് ചെയ്തേയ്ക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന മത്സരത്തിലാണ് താരം ഹിജാബ് ധരിക്കാതെ പങ്കെടുത്തത്.
റെഖാബിയെ കാണാതായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച മുതൽ റെഖാബിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളാണ് പറഞ്ഞത്. ചൊവ്വാഴ്ചയാണ് റെഖാബി ടെഹ്റാനിലേക്കുള്ള വിമാനത്തിൽ കയറിയത്. അതിന് മുൻപ് താരത്തിന്റെ പാസ്പോർട്ടും മൊബൈൽ ഫോണും കണ്ടുകെട്ടി. ഹിജാബ് ധരിക്കാതെ റോക്ക് ക്ലൈംബിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ റെഖാബി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. എന്നാൽ ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കിയതിനാൽ താരത്തിന്റെ സുരക്ഷയിലും ആശങ്കയുണ്ടായിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങളും ഇറാനിൽ ശിരോവസ്ത്ര നിയമം പാലിക്കണമെന്ന് നിബന്ധനയുണ്ട്.
പിന്നാലെ വിശദീകരണവുമായി റെഖാബിയ എത്തിയിരുന്നു. ശിരോവസ്ത്രം മത്സരത്തിനിടെ അശ്രദ്ധമൂലം വീണ് പോയതെന്നാണ് എൽനാസിൻറെ പ്രതികരണം. എൽനാസിൻറെ വിശദീകരണം ഭരണകൂടത്തെ ഭയന്നാണെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്.