ന്യുഡല്‍ഹി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ വിശദീകരണം ലഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വക്കീല്‍ മുഖേനെയാണ് കെപിസിസി ഓഫീസില്‍ വിശദീകരണം കിട്ടിയത്. താന്‍ കണ്ടിട്ടില്ല, ഡല്‍ഹിയില്‍ നിന്നും നാളെ അവിടെയെത്തിയ ശേഷമേ അത് വായിക്കാനാകൂ, അതിന് ശേഷം മറ്റുനേതാക്കളുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സുധാകരന് പറഞ്ഞു.
ഒരു കാരണവശാലും എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടി അതിനെ അതിന്റെതായ ഗൗരവത്തില്‍ തന്നെ കാണും. കേസ് കോടതി തള്ളിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കുറ്റത്തിന്റെ വിശദീകരണം പരിശോധിച്ച് യുക്തമായ നടപടി എടുക്കുമെന്ന് സുധാകരന് പറഞ്ഞു
ഇത്തരമൊരു പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഒളിവില്‍ പോകാതെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബാധ്യത നിറവേറ്റാത്തത് കുറ്റകരമാണ്. നേതൃത്വത്തിലുള്ള ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല അദ്ദേഹം എവിടെയാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് ലോകത്ത് എല്ലാവരെയും കിട്ടുന്നുണ്ടെന്നത് മറ്റൊരു കാര്യമെന്നും സുധാകരന് പറഞ്ഞു.