സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കിയ ഗവർണറുടെ നടപടിയ്ക്കെതിരെ കേരള സർവ്വകലാശാല കോടതിയിൽ. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ തീരുമാനം ഇന്ന്. ഗവർണറുടെ നിലപാട് സർവ്വകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർവ്വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെയാണ് ഗവർണർ സെനറ്റിൽ നിന്നു പിൻവലിച്ചത്.
സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് നൽകിയ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ വൈസ് ചാൻസലറെ ഇക്കാര്യം അറിയിച്ചു. കോടതിയിൽ ഗവർണർക്കെതിരായ നിലപാടാണ് സർവ്വകലാശാല കൈക്കൊള്ളുക.ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും ആവശ്യപ്പെടുക. കോടതി സ്റ്റേ ചെയ്യുകയാണെങ്കിൽ അടുത്ത സെനറ്റ് യോഗത്തിൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ കഴിയും. ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്.
ഈ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വിസി ഗവർണർക്ക് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.