തിരുവനന്തപുരം: സ്കൂള്‍ വിനോദയാത്രകള്‍ക്കുള്ള പുതുക്കിയ മാനദണ്ഡം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഗതാഗതവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ.
വാഹനങ്ങളുടെ രേഖകള്‍ സ്കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പാക്കണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ ഉപയോഗിക്കരുത്. രാത്രി പത്തിനുശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്ര പാടില്ല. പഠനയാത്രയുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകണം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.
വിനോദ–പഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. ഒരു അക്കാദമിക വര്‍ഷം മൂന്നുദിവസമേ വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാര്‍ഥികള്‍ക്ക് ഒരുഅധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പുതുക്കിയ നിർദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയത്.