പട്ന: ജമ്മു കശ്മീരിനെ ഒരു രാജ്യമെന്ന് പരിഗണിച്ചുള്ള ചോദ്യപ്പേപ്പർ വിവാദമാവുന്നു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ സർക്കാർ സ്കൂൾ അർധ വാർഷിക പരീക്ഷ ചോദ്യ പേപ്പറിലാണ് വിവാദ പരാമർശം കടന്നുകൂടിയത്. വിവിധ രാജ്യങ്ങളിലെ ആളുകളെ എന്തുവിളിക്കുമെന്ന ചോദ്യങ്ങളിലൊന്ന് ‘കശ്മീർ എന്ന രാജ്യത്തെ ആളുകളെ എന്തുവിളിക്കും?’ എന്നായിരുന്നു.
ചൈനയിലുള്ള ജനങ്ങളെ ചൈനക്കാർ എന്നു വിളിക്കുന്നതു പോലെ നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങളെ എന്തു വിളിക്കുമെന്നായിരുന്നു ചോദ്യം. ചോദ്യ കർത്താവിന്റെ കൈപ്പിഴയെന്നാണു ബിഹാർ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബിഹാർ വിദ്യാഭ്യാസ പ്രോജക്ട് കൗൺസിലിനാണ് (ബിഇപിസി) സർക്കാർ സ്കൂളുകളിലെ ചോദ്യപേപ്പർ തയാറാക്കാനുള്ള ഉത്തരവാദിത്തം. ഓരോ ജില്ലകൾക്കും പ്രത്യേക ചോദ്യപേപ്പർ തയാറാക്കി അയക്കുന്നതാണ് രീതി.
സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകൻ വിശദീകരണവുമായി രംഗത്തെത്തി. മാനുഷികമായി സംഭവിച്ച ഒരു പിഴവ് മാത്രമാണ് ഇതെന്ന് പ്രധാനാധ്യാപകൻ എസ്കെ ദാസ് പറഞ്ഞു. സംഭവം ഗൗരവമേറിയതാണെന്നും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ സിംഗ് വ്യക്തമാക്കി.
കശ്മീർ ചോദ്യ വിവാദത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആവശ്യപ്പെട്ടു.