കൊച്ചി: നമ്പി നാരായണൻ എന്ന മഹാശാസ്ത്രജ്ഞനേയും, ഐഎസ്ആർഒയേയും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രശാഖയേയും വൻപ്രതിസന്ധിയിലാക്കിക്കൊണ്ട് അരങ്ങേറിയ വ്യാജ ചാരക്കേസിന്റെ യഥാർത്ഥ വസ്തുത വെള്ളിത്തിരയിൽ എത്തിച്ച ‘റോക്കട്രീ ദി നമ്പി ഇഫ്ഫെക്ട്’ എന്ന ബഹുഭാഷാ ബോളിവുഡ് സിനിമ ലോകമാസലം നേടിയ വൻവിജയത്തെ, 60 നിർദ്ധന കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തിക്കൊണ്ട്, നിർമ്മാതാക്കളായ അങ്കമാലിയിലെ വർഗീസ് മൂലൻസ് ഗ്രൂപ്പ് ആഘോഷിക്കുന്നു.
വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ ചാരിറ്റി വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ആസ്റ്റർ ഹോസ്പിറ്റൽസും ചേർന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിർദ്ധനകുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തുക. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലായിയാണ് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാവുക.
ശാസ്ത്രക്രിയകൾക്കു മുന്നൊരുക്കമായി ഒക്ടോബർ 30, ഞായറാഴ്ച രാവിലെ 9.30-ന് അങ്കമാലി ടിബി ജങ്ഷനിലെ സിഎസ്എ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐഎസ്ആർഒ മുൻശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉത്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രീ സിനിമയിൽ അവതരിപ്പിച്ച നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ് ഐഎഎസ്, റോജി ജോൺ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിൻ്റെ പിന്തുണയോടെ കേരളത്തിലുടനീളം നടക്കുന്ന മെഡിക്കൽ ക്യാമ്പിന്, ആസ്റ്റർ ഹോസ്പിറ്റൽസ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. എഡ്വിൻ ഫ്രാൻസിസ് നേതൃത്വം നൽകും.
ഡോ.അന്നു ജോസ്, ഡോ. ബിജേഷ് വി.വി, ഡോ. രേണു കുറുപ്പ്, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. രമാദേവി എ.എസ്, പീഡിയാട്രിക് കാർഡിയാക് സർജറിയിൽ നിന്നുള്ള ഡോ. ഗിരീഷ് വാരിയർ എന്നിവരടങ്ങുന്നതാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം.
വർഗീസ് മൂലൻസ് ഫൗണ്ടേഷൻ, ഹൃദയ സ്പർശം (Touch-A-Heart) പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇത് വരെ 201 കുട്ടികളുടെ ഹൃദയശാസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. ലൈബീരിയൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന പ്രകാരം കൊച്ചിയിൽ കൊണ്ട് വന്ന് ശസ്ത്രക്രിയ നടത്തി തിരിച്ചയച്ച 3 ആഫ്രിക്കൻ കുട്ടികളും അവരിൽ ഉൾപ്പെടുന്നു.
കൂടാതെ ഹോം-സ്വീറ്റ്-ഹോം (Home-Sweet-Home) പദ്ധതി വഴി ഒന്നര ഡസനിലധികം വീടുകളും കിൻഡിൽ-എ-കാൻഡിൽ (Kindle-A-Candle) പദ്ധതി വഴി ഡസൻ കണക്കിന് യുവതികൾക്ക് വിവാഹനിധിയും, കിഡ്നി ട്രാൻസ്പ്ലാന്റുകളും, ഫ്ലൈ-എ-ഫയർഫ്ലൈ (Fly-A-Firefly) പദ്ധതി വഴി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും നൽകിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പിന് ശേഷം വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അങ്കമാലി ടിബി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന മൂലൻസ് ഹൈപ്പർ മാർട്ടിലെ ഈ വർഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കൾക്കുള്ള സമ്മാനങ്ങളായി കാർ, ബൈക്ക്, ഇലക്ട്രിക് സ്കൂട്ടർ റെഫ്രിജറേറ്റർ, സ്വർണ്ണ നാണയങ്ങൾ, പ്രൈസ് കൂപ്പണുകൾ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം ‘സൂര്യ അങ്കമാലി ചാപ്റ്റർ’ സംഘടിപ്പിക്കുന്ന കലാസന്ധ്യയിൽ, സൂര്യ കൃഷ്ണമൂർത്തിയുടെ “സമുദ്ര” എന്ന കൺടെമ്പററി കലാവിരുന്ന് ഉണ്ടായിരിക്കും.
വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഫൗണ്ടേഷൻ ഡയറക്ടർ വിജയ് മൂലൻ, ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയക്ടർ ഡോ. എഡ്വിൻ ഫ്രാൻസിസ്, പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സാജൻ കോശി, കാർഡിയോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പിനെയും,രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് 9249500066, 9249500044, 8111998077, 8848824593 എന്നീ നമ്പറുകളിലോ mail@themoolans.com എന്ന ഇമെയിലിലോ ബന്ധപ്പെടാം