കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ വിജയം നേടി മല്ലികാർജുൻ ഖർഗെ.തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെ വിജയിച്ചത്. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി.കോൺഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല.
നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.
സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവമുള്ള കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എഐസിസി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്സുകൾ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.