കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജയിൽ വാസമനുഭവിക്കുന്ന മണിച്ചന് ജയിൽ മോചനം. മണിച്ചന്റെ പിഴ സുപ്രീം കോടതി ഒഴിവാക്കി. ഉടൻ വിട്ടയക്കണമെന്നും സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് . 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവെയ്ക്കണമെന്ന നിർദ്ദേശം കോടതി ഒഴിവാക്കി. മണിച്ചന്റെ ജയിൽ മോചനത്ത് 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ ഒരാളെ അന്തമായി തടവിൽ വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
22 വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യദുരന്തക്കേസിൽ ഇരകൾക്ക് കൈമാറുമെന്നാണ് സർക്കാർ അറിയിച്ചത്. ശിക്ഷാ ഇളവ് നൽകിയെങ്കിലും പിഴത്തുക അടക്കാനാകാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയാണ്.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 266 പേർക്ക് ഗുരുതരമായ പരിക്കുകൾ നേരിട്ടുവെന്നും അഞ്ച് പേർക്ക് പൂർണ്ണമായു കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.