മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഉത്തരവ്.
ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ശ്രീറാം പറഞ്ഞിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് ശ്രീറാം വാദിച്ചത്. കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് പ്രതികള്‍ വാദിച്ചത്
എന്നാൽ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു. മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.