കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്തെ മാലിന്യ കൂമ്പാരത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കല്‍ കോളേജ് പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മീഷന് നിർദേശിച്ചു. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ആമ്പുലന്‍സ് ഡ്രൈവര്‍ കമ്മീഷനില്‍ ലഭ്യമാക്കിയ ചില വീഡിയോ ദ്യശ്യങ്ങളാണ് കമ്മീഷൻ പരിഗണിച്ചത്. ആശുപത്രി മാലിന്യങ്ങളും മലിനജലവും തളംകെട്ടി കിടക്കുന്ന സ്ഥലത്തായിരുന്നു മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നത്. മാലിന്യങ്ങള്ക്കിടിലൂടെയാണ് സ്ട്രച്ചറില്‍ മൃതശരീരം ആമ്പുലന്സിലേക്ക് എത്തിക്കുന്നത്.
ഇത് കണ്ട ഡ്രൈവർ ആണ് ഇക്കാര്യം കമ്മീഷനിൽ അറിയിച്ചത്. മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്ന നടപടിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
15 ദിവസത്തിനകം ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
നേരത്തെ ഇതുപോലെ ബീച്ചിലെ മാലിന്യ പ്രശ്നത്തിലും മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരുന്നു. ഫ്രീഡം സ്ക്വയറിലേക്കുള്ള കവാടത്തിന്റെ എതിര്‍വശത്തുള്ള റോഡില്‍ മാലിന്യവും മലിനജലവും കെട്ടി കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഇടപെടല്‍.
പരിസരം വൃത്തിയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.ഇതിന്റെ ചുമതല നഗരസഭയ്ക്കാണ്. അതുകൊണ്ട് ഈ നിര്‍ദേശം നഗരസഭാ സെക്രട്ടറിയെയാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അറിയിച്ചു.