തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. ഇടമലയാറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇടമലയാറിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 266 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കണക്ക്.
സംസ്ഥാനത്ത് തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയിലും, കോഴിക്കോട് താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി.
മലയോര മേഖലകളിൽ മഴ നിലയ്ക്കാത്തത് ആശങ്കകൾ ഉയർത്തുന്നുണ്ട്. വെള്ളറട കുടപ്പനമൂട്ടിൽ റോഡിന്റെ ഭിത്തിതകർന്ന് നിർമാണിത്തിലിരിക്കുന്ന വീട്ടിലേക്ക് വീണു. നെയ്യാറ്റിൻകരയിൽ പലയിടത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെയ്യാർ- പേപ്പാറ ഡാമുകളുടെ ഷട്ടർ ഉയർത്തിയതിനാൽ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.