ഈ വർഷം സെപ്റ്റംബർ വരെ മാത്രം ആക്രികച്ചവടത്തിലൂടെ 2,582 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ആക്രികച്ചവടത്തിലൂടെ 2003 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇപ്പോൾ.
2022-23 സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടിയുടെ വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021-22ൽ 3,60,732 മെട്രിക് ടൺ ആയിരുന്ന ആക്രിവിൽപ്പന 2022-23ൽ 3,93,421 മെട്രിക് ടൺ ആയി ഉയർന്നു. 2021-22 സെപ്റ്റംബർ വരെ 1835 എണ്ണം വാഗണുകൾ, 954 എണ്ണം കോച്ചുകൾ, 77 എണ്ണം ലോക്കോകൾ എന്നിവയാണ് നീക്കം ചെയ്തതെങ്കിൽ 2022-23ൽ 1751 എണ്ണം വാഗണുകൾ, 1421 എണ്ണം കോച്ചുകൾ, 97 എണ്ണം ലോക്കോകൾ എന്നിവയാണ് വിറ്റഴിച്ചത്. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ വരെയുള്ള ആനുപാതിക ലക്ഷ്യം 1,980 രൂപയായിരുന്നു.