കാറുകളുടെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ നിർമിക്കാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി.രാജ്യത്തെ റോഡപകടങ്ങൾ പരമാവധി കുറക്കുന്നതിന് ഓട്ടോമൊബൈൽ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ഒരു മോഡലിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് എങ്ങനെയെന്ന് ഗഡ്കരി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രസ്തുത വാഹനം മാസ്-മാർക്കറ്റ് വിഭാഗത്തിലാണോ അതോ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി സെഗ്മെന്റുകളിലാണോ എന്നത് പരിഗണിക്കാതെ തന്നെ ആയിരിക്കും ഇത്. നിർഭാഗ്യകരമായ ഒരു അപകട സംഭവം ഉണ്ടായാൽ കഴിയുന്നത്ര ജീവൻ രക്ഷിക്കുകയാണ് ഉദ്ദേശ്യമെന്ന് ഗഡ്കരി പറഞ്ഞു.
‘റോഡ് സുരക്ഷ ഒരു വലിയ ആശങ്കയാണ്. കാറുകളുടെ സാമ്പത്തിക ചെലവ് കുറഞ്ഞ മോഡലുകളിലും ആറ് എയർബാഗുകളുടെ തീരുമാനം എടുത്തിട്ടുണ്ട്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ മാറ്റാൻ ശ്രമിക്കുന്നു. ഇന്ത്യയിൽ രണ്ട് കാര്യങ്ങൾ നമുക്ക് നിയന്ത്രിക്കാനാവില്ല. ഒന്ന് ജനസംഖ്യാ വളർച്ചയും മറ്റൊന്ന് വാഹന വളർച്ചയുമാണ്,”
വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം കണക്കിലെടുത്താണ് തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല ഇന്ത്യയാണെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് റോഡപകടങ്ങളെക്കുറിച്ച് സംസാരിച്ച ഗഡ്കരി പറഞ്ഞു.