തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതചുഴിയില്‍ നിന്നും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറന്‍ അറബികടലില്‍ മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നു. ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ ഒക്ടോബര്‍ 20-ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നു പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം, എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു.
ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനും രാത്രി യാത്രകൾ നിരുത്സാഹപ്പെടുത്തുന്നതിനും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി.