അമരാവതി: തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ ചെബ്റോൾ ഗ്രാമത്തിലാണ് സംഭവം. പഞ്ചായത്ത് സർപഞ്ച്, സെക്രട്ടറി, കൃത്യം നടത്തിയ ആൾ എന്നിവരാണ് അറസ്റ്റിലായത്.
18 തെരുവ് നായ്ക്കളെയാണ് ഇവർ വിഷം നൽകി കൊന്നത്. ചെബ്റോൾ സ്വദേശിയായ കെ വീരബാബുവാണ് വില്ലേജ് സെക്രട്ടറിയുടെയും സർപഞ്ചിന്റെയും ഉത്തരവിനെ തുടർന്ന് തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നത്. ഐ.പി.സി 428, 429 വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.