കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കേസില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു.
എല്‍ദോസ് കുന്നപ്പിള്ളില്‍ പണം നല്കി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎല്‍എ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്കി. കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും നാളെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതിനിടെ, ഒളിവിലുള്ള എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുകയാണ് പൊലീസ്.
യുവതിയെ കൈയേറ്റം ചെയ്യുന്നതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ മാസം 11നാണ് എൽദോസിനെതിരെ കോവളം പൊലീസ് കേസെടുക്കുന്നത്. അടുത്ത ദിവസമാണ് ബലാത്സംഗം കുറ്റം ചുമത്തുന്നത്. പതിനൊന്ന് മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണ്. ഇതിനിടെയാണ് യുവതിയുടെ പുതിയ പരാതി. ഒളിവിലുള്ള എംഎൽഎ പണം നൽകി, സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പ്രചരിപ്പിച്ച് വേട്ടയാടുകയാണെന്നാണ് പരാതി. ഇതിനായി ചില ഓൺലൈൻ ചാനലുകൾക്ക് എംഎൽഎ പണം നൽകിയതിന്റെ തെളിവുകൾ പൊലീസിന് കൈമാറുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൽദോസിന് വേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനൊടൊപ്പം തെളിവുകളും ശേഖരിക്കുകയാണ് പൊലീസ്. കഴിഞ്ഞ മാസം 14ന് കോവളത്ത് വച്ച് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. മർദ്ദിക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങല് താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. യുവതിയുടെ താമസ സ്ഥലത്ത് നിന്നും എൽദോസിന്റെ ടീ ഷർട്ടും പൊലീസ് കണ്ടെടുത്തു.