സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെബിഎഫ് പെട്രോകെമിക്കൽസ് ഏറ്റെടുക്കുന്നതിനുള്ള ലേലത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ വിജയിച്ചതായി റിപ്പോർട്ടുകൾ. ജെബിഎഫ് പെട്രോകെമിക്കൽസിന് മൊത്തം 5000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ കൂടുതൽ ഐഡിബിഐ ബാങ്കുമായാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കമ്പനി എൻസിഎൽടിയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഒഎൻജിസി-ഇന്ത്യൻ ഓയിൽ എന്നിവയുടെ കൺസോർഷ്യം, എംസിപിഐ, എച്ച്പിസിഎൽ-ലക്ഷ്മി മിത്തൽ സംയുക്ത സംരംഭം, ജിൻഡാൽ ഗ്രൂപ്പിന്റെ രണ്ട് കമ്പനികൾ എന്നിവയുൾപ്പെടെ അര ഡസനിലധികം കമ്പനികൾ ജെബിഎഫ് പെട്രോയെ ഏറ്റെടുക്കാനുള്ള മത്സരത്തിലായിരുന്നു.
സെപ്റ്റംബറിൽ വായ്പക്കാർ ഓഫർ വർദ്ധിപ്പിക്കാൻ ലേലക്കാരോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഒഎൻജിസി-ഇന്ത്യൻ ഓയിൽ കൺസോർഷ്യം മാത്രമാണ് ഇതിന് തയ്യാറായത്. 1982ൽ ഒരു നൂൽ ടെക്സ്ചറിംഗ് സ്ഥാപനമായി സ്ഥാപിതമായ ജെബിഎഫ് പെട്രോകെമിക്കൽസ് ശുദ്ധീകരിച്ച ടെറഫ്താലിക് ആസിഡാണ് നിർമ്മിക്കുന്നത്.