ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സ്;ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

 

ടി-20 ലോകകപ്പിലെ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.

കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. തുടക്കം മുതൽ രാഹുൽ ആക്രമിച്ചുകളിച്ചപ്പോൾ രോഹിത് ക്രീസിൽ ഉറച്ചുനിന്നു. 27 പന്തിൽ രാഹുൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മാക്സ്‌വലിനു വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങി.തൊട്ടടുത്ത ഓവറിൽ രോഹിതും (15) മടങ്ങി. ആഷ്ടൻ ആഗറിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ കോലി-സൂര്യ സഖ്യം 42 റൺസ് കൂട്ടിച്ചേർത്തു. കോലിയെ (19) പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ഹാർദിക് പാണ്ഡ്യ (2) പെട്ടെന്ന് മടങ്ങി. കെയിൻ റിച്ചാർഡ്സണിൻ്റെ ആദ്യ ഇരയായിരുന്നു ഹാർദിക്. 32 പന്തുകളിൽ ഫിഫ്റ്റിയടിച്ച സൂര്യകുമാറും അശ്വിനും (6) റിച്ചാർഡ്സൺ എറിഞ്ഞ അവസാന ഓവറിൽ പുറത്തായി.