വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിന്റെ അറുപത്തിമൂന്നാം ദിനമാണ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് റോഡ് ഉപരോധം. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം. വള്ളങ്ങളുമായി എത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നത്.
റോഡ് ഉപരോധം ജില്ലാ കലക്ടര്‍ വിലക്കിയിട്ടുണ്ടെങ്കിലും വിലക്ക് അനുസരിക്കില്ലെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി.സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളും റോഡ് ഉപരോധത്തിന് എത്തുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.
സമരം ചെയ്യുന്നവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ലത്തീന്‍ രൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും നിലപാട്.തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടകനല്കി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികളുടെ സമരം. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്നലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.