വിജയവാഡ: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി കേരളം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. രാഷ്ട്രീയ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ രാജാജി മാത്യു തോമസാണ് ഇക്കാര്യം ഉന്നയിച്ചത്.
കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സിപിഐഎമ്മിനെ പോലെ കോണ്‍ഗ്രസിനോട് അവ്യക്തമായ സമീപനം സിപിഐ സ്വീകരിക്കാന്‍ പാടില്ലെന്നും ചര്‍ച്ചയില്‍ പരാമര്‍ശമുയര്‍ന്നു.
കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ ദേശീയ ബദൽ സാധ്യമല്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ബിജെപിയെ താഴെയിറക്കണമെങ്കിൽ രാജ്യത്തുടനീളം വേരോട്ടമുള്ള കോൺഗ്രസിനെ കൂടെ കൂട്ടിയാൽ മാത്രമേ സാധിക്കൂ.
കേരളത്തിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ ദേശീയതലത്തിൽ ഇക്കാര്യത്തിൽ ഒരു സഖ്യം വേണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടത്. അതിന് മുമ്പേതന്നെ സഖ്യം വേണമെന്ന ആവശ്യമാണ് കേരളാ ഘടകത്തെ പ്രതിനിധീകരിച്ച് സംസാരിച്ച രാജാജി മാത്യു തോമസ് ഉന്നയിച്ചത്. വിഷയം തിങ്കളാഴ്ച നടക്കുന്ന പൊതുചർച്ചയിലും ചർച്ചയാകും.
അതേസമയം പ്രായപരിധിയില്‍ വിഷയത്തില്‍ നാളെയാണ് ചര്‍ച്ച നടക്കുക. ഭരണഘടന ഭേദഗതി വേണമോ എന്നതില്‍ നാളെ വിശദമായ ചര്‍ച്ച നടക്കും. ഭരണഘടന പാര്‍ട്ടി പരിപാടി കമ്മീഷന് യോഗം നാളെ രാവിലെ 9.30നാണ് നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കമ്മീഷണന് അംഗമാണ്. കമ്മീഷന് റിപ്പോര്‍ട്ട് നാളെ വൈകിട്ട് സമര്‍പ്പിക്കും.