എറണാകുളം: ദേശീയപാത അങ്കമാലി ടൗണിൽ കെ.എസ്.ആർ.ടി.സി ബസും കർണാടക ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരം കണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38) മരിച്ചത്. അങ്കമാലി സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോ ഫ്ളോർ ബസിന് പിന്നിൽ കർണാടക ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയാണ് അപകടം.
ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു അപകടത്തിൽ മരിച്ച യുവതി. ബസിന്റെ ചില്ല് തകർന്ന് റോഡിൽ തെറിച്ച് വീണായിരുന്നു മരണം. ബന്ധുക്കളടക്കം ഏതാനും പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഞായറാഴ്ച രാവിലെ 5.30നായിരുന്നു അപകടം. രണ്ട് മാസം മുമ്പ് ഉംറക്കെത്തിയ സലീന. ഉംറക്ക് ശേഷം ജിദ്ദയിലുള്ള ഭർത്താവിനൊപ്പം ഏതാനും ദിവസം താമസിച്ച ശേഷം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു.