തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് കെകെ ശൈലജ പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രി പറഞ്ഞത് ഗൗരവതരമാണ്. 3 ലക്ഷം പിപി കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
18 ലക്ഷം എൻ95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു. മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മിഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് അസംബ്ലിയിൽ തന്നെ മറുപടി കൊടുത്തതാണെന്ന് കെ.കെ.ശൈലജ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങിയതെന്ന രീതിയിൽ വാർത്തകൾ കണ്ടൂ. തന്റെ പരാമർശങ്ങൾ വളച്ചോടിച്ചതായും മുഖ്യമന്ത്രിയെ വിഷയത്തിലേക്ക് അനാവശ്യമായി കൊണ്ടുവരികയാണെന്നും ടീച്ചർ വ്യക്തമാക്കി. പിപിഇ കിറ്റ് വാങ്ങുന്നത് കാബിനറ്റ് തീരുമാനമായിരുന്നു. പിപിഇ കിറ്റ് 500 രൂപക്കും 1500 രൂപക്കും വാങ്ങിയിട്ടുണ്ട്. മനുഷ്യരുടെ ജീവൻ രക്ഷിക്കുവാൻ ആണ് സർക്കാർ ശ്രമിച്ചത്. ലോകായുക്ത മുന്നിൽ കാര്യങ്ങള് ബോധ്യപ്പെടുത്തും. ഡിസാസ്റ്റർ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ലോകായുക്തയ്ക്ക് മനസ്സിലാകുമെന്നും മരിച്ചു പോവാതിരിക്കാൻ ആളുകളെ സംരക്ഷിക്കുവാൻ എടുത്ത തീരുമാനമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.